ന്യൂഡല്‍ഹി: കഠിനമായ തണുപ്പിനും മഴയ്ക്കും ഇടയിലും റിപ്പബ്ലിക് ദിന പരേഡിന്റെ അവസാനഘട്ട ഒരുക്കങ്ങളുമായി ഇന്ത്യന്‍ സൈന്യം. ഡല്‍ഹിയിലെ കര്‍ത്തവ്യ പഥില്‍ ഇന്ന് പുലര്‍ച്ചെ നടന്ന റിഹേഴ്സല്‍ പരേഡില്‍ മഴയെ അവഗണിച്ചും നൂറുകണക്കിന് സൈനികര്‍ പങ്കെടുത്തു.
പുലര്‍ച്ചെ മുതല്‍ പെയ്ത ശക്തമായ മഴയിലും പരേഡിന്റെ ആവേശം ഒട്ടും കുറഞ്ഞില്ല. കര, നാവിക, വ്യോമ സേനകളുടെ വിവിധ റെജിമെന്റുകള്‍ താളാത്മകമായി കര്‍ത്തവ്യ പഥിലൂടെ ചുവടുവെച്ചു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴയെത്തുടര്‍ന്ന് പരേഡ് ഗ്രൗണ്ടിലും പരിസരത്തും പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.
വിവിധ സൈനിക വിഭാഗങ്ങളുടെ മാര്‍ച്ചിനൊപ്പം അത്യാധുനിക ആയുധങ്ങളുടെയും ടാങ്കുകളുടെയും പ്രദര്‍ശനവും റിഹേഴ്സലിന്റെ ഭാഗമായി നടന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളായ നിശ്ചല ദൃശ്യങ്ങളും പരീക്ഷണാര്‍ഥം പ്രദര്‍ശിപ്പിച്ചു.
പരേഡ് റിഹേഴ്സല്‍ പ്രമാണിച്ച് ഇന്ത്യാ ഗേറ്റ്, കര്‍ത്തവ്യ പഥ് മേഖലകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 26-ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിന് മുന്‍പുള്ള അവസാന വട്ട ഒരുക്കങ്ങളിലൊന്നാണ് ഇന്ന് പൂര്‍ത്തിയായത്